Wednesday, May 11, 2016

ത്രികോണജ്യാമിതീസിദ്ധാന്തം                              8th May 2016 8am.
ത്രികോണജ്യാമിതീസൂത്രമായിരുന്നു ബോധിസത്വൻറെ പ്രഭാതവിരേചനധ്യാനമുഹൂർത്തത്തിലെ അന്നത്തെ വെളിപാട്. എന്നുവെച്ചാൽ, മനുഷ്യശരീരം ത്രികോണജ്യാമിതിയുടെ ഒരു സംഘാതമാണ്‌. മനുഷ്യ ശരീരത്തിലെ ഏതാവയവവും ത്രികോണാകൃതിയിലാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്.
തലയോട്ടിക്ക് നിഷേധിക്കാനാവാത്ത ത്രികോണാകൃതിതന്നെ. ഉടലാകട്ടേ, ഇരു തോളറ്റങ്ങൾ മുതൽ താഴോട്ട് സുഷുമ്നാഗ്രം വരെ ഒരു മറ്റൊരു ത്രികോണം. കൈകളും കാലുകളും ഹ്രസ്വപാദവും ദീർഘ വശങ്ങളുമുള്ള ത്രികോണങ്ങൾ. പുരികബാഹ്യാഗ്രങ്ങൾ മുതൽ താടിവരെ ഒരു ത്രികോണം എളുപ്പം നിർമ്മിക്കാം. കുചങ്ങളാവട്ടേ, ഒരു ത്രികോണത്തിൻറെ വികസിതരൂപം മാത്രം. വേണമെങ്കിൽ കോൺ എന്നും വിളിക്കാം.പാദവും സൂചിതാഗ്രവും അവയ്ക്കുമുണ്ട്.ഉദരത്തിൻറെ അടിവശം തികച്ചും ത്രികോണം തന്നെ. യോനിയുടെ ത്രികോണാവസ്ഥ സർവസമ്മതം. ലിംഗാഗ്രവും ത്രികോണമല്ലാതെ മറ്റെന്ത്?   
ഇനി ആന്തരാവയങ്ങളുടെ കാര്യം. അവയുടെ ആകൃതിയും തൻറെ പുതിയ സിദ്ധാന്തവുമായി പൊരുത്തപ്പെടുന്നുവെന്ന് ബോധിസത്വൻ ഉറപ്പുവരുത്തി. ഹൃദയം, ശ്വാസകോശം, കരൾ, ആമാശയം, മലാശയം, മൂത്രാശയം(മൂത്രസഞ്ചി) ഇവയ്ക്കൊക്കെ ത്രികോണാകൃതിതന്നെ. വൃക്കകൾക്ക് പയർ വിത്തിൻറെ ആകൃതിയാണെങ്കിലും രണ്ട് വൃക്കകളും മൂത്രദ്വാരവും ചേർത്ത് ഒരു ത്രികോണം വരക്കാൻ ബുദ്ധിമുട്ടില്ല. തലച്ചോറുപോലും  അന്തിമ വിശകലനത്തിൽ ഈ ദർശനത്തെ സാധൂകരിക്കുന്നു. ചുരുക്കത്തിൽ മനുഷ്യാസ്തിത്വം തന്നെ ഒരു ത്രികോണനിർമ്മിതിയാണെന്നു വരുന്നു.
മനുഷ്യ ശരീരത്തിൻറെ അതിസൂക്ഷ്മ ഘടനയോ? അമിനാമ്ലങ്ങളുടെ ലബോറട്ടറി മാത്രകയിൽ തന്മാത്രകളെ ബന്ധിപ്പിച്ചിരിക്കുന്ന നീല ബോണ്ടുകൾ നിരവധി ത്രികോണങ്ങളെ സൃഷ്ടിക്കുന്നു എന്ന് കാണാം. 
ഇനി പ്രകൃതിയിലേക്ക് നോക്കിയാലോ? ബോധിസത്വൻറെ ഗവേഷണത്വര അവസാനിക്കുന്നില്ല. ഭൂമിക്ക് ഗോളാകൃതിയാണെങ്കിലും അതിനെ രണ്ട് അർദ്ധഗോളങ്ങളാക്കിയാൽ ഓരോ അർദ്ധഗോളവും ഊതിവീർപ്പിച്ച ഓരോ ത്രികോണങ്ങളാണല്ലോ, കുച യുഗ്മങ്ങളെപ്പോലെത്തന്നെ. ഇനി ഏത് ഭൂഘണ്ടത്തിനാണ് ത്രികോണാകൃതി ഇല്ലാത്തത്? പോരെങ്കിൽ വൃക്ഷങ്ങൾ, ഇലകൾ, കാണ്ഡങ്ങൾ, വേരുകൾ എല്ലാംതന്നെ ത്രികോണാകൃതിയിൽ.
ഇനിയിപ്പോൾ ഭൂമിയും അതിലെ ജീവജാലങ്ങളുടെ ശരീരഭാഗങ്ങളും ഇവ്വിധം ത്രികോണജ്യാമിതീയസൂക്തത്തെ സാധൂകരിക്കുന്നതിൻറെ ദാർശനികന്യായം കൂടി ലഭിച്ചാൽ തനിക്കു വെളിപ്പെട്ട ഈ പ്രപഞ്ചരഹസ്യം, ഈ അപൂർവ്വ സിദ്ധാന്തം, ത്രികോണാകൃതിയിലുള്ള പേജുകളിൽ ഡോക്ടറേറ്റിനു സമർപ്പിക്കാവുന്നതേ ഉള്ളൂ.

ബോധിസത്വൻ വിരേചനാനന്തരശൗചക്രിയ നടത്തി എണീറ്റു.  

No comments:

Post a Comment